സ്ഥാപനചരിത്രം
ആയിരത്തി തൊള്ളായിരത്തി എഴുപത്തിഒന്ന് ഡിസംബര്‍ മാസം പത്താം തീയതി ഉഴമലയ്ക്കല്‍ പഞ്ചായത്ത് നിലവില്‍ വന്നു. അതിനുമുന്‍പ് ആര്യനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. പുതിയതായി നിലവില്‍ വന്ന ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് എം.പ്രഭാകരന്‍ ആയിരുന്നു. ആരംഭത്തില്‍ പഞ്ചായത്താഫീസിന്റെ ആസ്ഥാനം അയ്യപ്പന്‍കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാത്മാഗാന്ധി ഗ്രന്ഥശാല കെട്ടിടമായിരുന്നു. ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ ശില്പി എന്ന് വിശേഷിപ്പിക്കാവുന്ന എം.പ്രഭാകരന്‍ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ്, ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ രൂപീകരണത്തോടെ ഈ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ പഞ്ചായത്തിന്റെ ആവിര്‍ഭാവത്തിനും പുരോഗതിക്കും ദീര്‍ഘവീക്ഷണത്തോടു കൂടി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതില്‍ വ്യാപ്തനായിരുന്നു. ചരിത്രപ്രാധാന്യവും 400 വര്‍ഷത്തിലധികം പഴക്കമുള്ളതും നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിലെ ഉമയമ്മ റാണി നിര്‍മ്മിച്ചു നല്‍കിയതുമായ ക്ഷേത്രമാണ് കുളപ്പട ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. ഇതേ പോലെ പഴക്കവും ചരിത്ര പ്രാധാന്യവും എലിയാവൂര്‍ ശിവക്ഷേത്രത്തിനുമുണ്ട്. ചരിത്രവുമായി ബന്ധപ്പെട്ട കുര്യാത്തി ശിവക്ഷേത്രത്തിന്റെ ആരംഭവും സാംസ്കാരിക പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്. കോട്ടയത്ത് കളിയല്‍ തമ്പുരാന്‍ ക്ഷേത്രത്തിനും പഴയ രാജവംശവുമായുള്ള ചരിത്രമാണ് പറയാനുള്ളത്. ഈ പ്രദേശത്തെ മറ്റൊരു പ്രധാന ഭദ്രകാളി ക്ഷേത്രമാണ് ചക്രപാണിപുരത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്മീമംഗലം ക്ഷേത്രം. കുംഭ മാസത്തിലെ രേവതിനാളില്‍ ആരംഭിച്ച് തിരുവാതിരനാളില്‍ അവസാനിക്കുന്ന ഏഴുദിവസത്തെ ഉത്സവപരിപാടികള്‍ ഇന്നാട്ടിലെ സമസ്തജാതി മതവിഭാഗങ്ങളും കൊണ്ടാടുന്ന ഒരു ദേശീയ ഉത്സവം തന്നെയാണ്. വാലുക്കോണം മലങ്കര സിറിയന്‍ കത്തോലിക്കപ്പള്ളി, കര്‍മ്മലമാതാ കത്തോലിക്കാപള്ളി, മഞ്ചംമൂല, സി.എസ്.ഐ.പള്ളി മാണിക്കപുരം, സിറിയന്‍ കത്തോലിക്ക പള്ളി പരുത്തിക്കുഴി, മലങ്കര സിറിയന്‍ കത്തോലിക്ക പള്ളി തോളൂര്‍, ലൂഥറന്‍ മിഷന്‍ പള്ളി തോളൂര്‍ ഇവയാണ് പ്രധാന ക്രിസ്തീയ ദേവാലയങ്ങള്‍. പുതുക്കുളങ്ങര മുസ്ളീം പള്ളിയും, കുളപ്പട കാഞ്ഞിരം മൂട് മൂസ്ലീം പള്ളിയും നാടിനെ സംസ്ക്കാര പ്രധാനമാക്കുന്നു. കേരളത്തിലെ പ്രമുഖനദികളിലൊന്നായ കരമനയാര്‍ പഞ്ചായത്തിനെ സ്പര്‍ശിച്ചുകൊണ്ടാണൊഴുകുന്നത്. സംസ്ഥാനത്തിന്റെ പ്രധാന വീഥികളിലൊന്നായ ഷൊര്‍ളക്കോട് റോഡ് ഈ പഞ്ചായത്തിനെ തിരുവനന്തപുരവും അംബാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പ്രമുഖമായ എലിയാവൂര്‍ ചന്ത സമീപ പഞ്ചായത്തുകളായ ആര്യനാട്, വെള്ളനാട്, തൊളിക്കോട് എന്നിവിടങ്ങളിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന ഒരു വിപണനകേന്ദ്രമായിരുന്നു. ഉഴമലയ്ക്കലിലെ ആദ്യത്തെ സര്‍ക്കാര്‍ ആഫീസ് എലിയാവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ചാവടിയാണ്. അതാകാം ഈ സ്ഥലത്തെ ‘ചാവടിനട’ എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയാക്കിയതും. 1982-ല്‍ ഉഴമലയ്ക്കല്‍ വില്ലേജാഫീസ് കുളപ്പടയില്‍ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 1924-ല്‍ ജോണ്‍സാര്‍ ആരംഭിച്ച കാറ്റാടി സ്ക്കൂളാണ് ഈ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ ആദ്യസംരംഭം. ഈ പ്രദേശത്തെ ഏക ഹൈസ്ക്കൂള്‍ ചക്രപാണീപുരത്ത് സ്ഥിതി ചെയ്യുന്ന എസ്.എന്‍.എച്ച്.എസ് ആണ്. കേരള നിയമസഭയിലെ ബഹു:സ്പീക്കര്‍ എം.വിജയകുമാര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ആതൂര ശുശ്രൂഷാരംഗത്തെ ആദ്യസ്ഥാപനം 1972-ല്‍ എലിയാവൂരില്‍ സ്ഥാപിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. ആദ്യത്തെ തപാലാഫീസ് പുതുക്കുളങ്ങര സ്ഥാപിതമായതാണ്. അതിനുമുന്‍പ് ഒരു അഞ്ചലോട്ടക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. ഷൊര്‍ളക്കോട് റോഡും മറ്റനവധി സഞ്ചാരയോഗ്യമായ റോഡുകളും ഈ പഞ്ചായത്തിലുണ്ട്. കാളവണ്ടിയും കുതിരവണ്ടിയും കഴിഞ്ഞാല്‍ ആര്‍.കെ.എന്‍ എന്ന സ്വകാര്യബസിനെയാണ് ആദ്യകാലത്തെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. ഇന്ന് നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുണ്ട്.